“through the act of living, the discovery of oneself is made concurrently with the discovery of the world around us. . ."

Saturday, July 26, 2014

ഔട്ട്‌ ഓഫ് ഫോക്കസ്





ഇത് ആദ്യമേ ഡിലീറ്റ് ചെയ്യേണ്ടതാണ്
ഈ അവ്യക്ത ചിത്രം.
ഒരു തുമ്പിയും ഒരു കിളിയും ഒരേ ഫ്രെയ്മില്‍
പിന്നെ ചില പച്ചിലകളും വള്ളികളും.
ക്യാമറക്ക്‌ പിറകില്‍ ഞാനുണ്ടേ!

ഒരു തുമ്പിയും ഒരു കിളിയും
ചില പച്ചിലകളും ഞാനും
ഒരുമിച്ച്.
രാവിലത്തെ ഇളം വെയില്
കാറ്റിന്റെ തണുപ്പ് മാറിയിട്ടില്ല
സ്വാമി ശരണം, അടുത്തെങ്ങും
ഒരു മനുഷ്യനുമില്ല.
ഒരു പട്ടി എന്റെ ബിസ്കറ്റുകള്‍ തിന്നിട്ട്
ഇനിയും കിട്ടാന്‍ വകുപ്പുണ്ടെന്ന തിരിച്ചറിവില്‍
പുറകില്‍ അല്പം മാറി കിടപ്പുണ്ട്.

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍
എന്തിനാണ് ഈ ചാവാളിപട്ടി
വാലാട്ടുന്നത്?

കുറച്ചു ദൂരെ, കായല്‍ക്കരയില്‍, പിത്ര്‍ ബലി.
എന്റെ അച്ഛന്‍, എന്റെ അമ്മ -
 എന്റെ ബലിയിടല്‍ കാത്തിരിപ്പുണ്ടോ എന്തോ.

അവ്യക്തമെങ്കിലും, ഒരു ഫ്രെയ്മില്‍
ഒരു തുമ്പിയും ഒരു കിളിയും
ചില പച്ചിലകളും ഞാനും ഒരു പട്ടിയും
എന്‍റെ അമ്മയും അച്ഛനും
പഴയ, മങ്ങുന്ന ഓര്‍മകളും.

എല്ലാം വ്യക്തമായി തന്നെ കാണണമെന്ന്
എന്തിനാണ് നാം  വാശി പിടിക്കുന്നത്‌?

*********  ബാലചന്ദ്രന്‍ വി. പുഞ്ചക്കരി, 27.07.2014